Friday 28 December 2007

പദ്രേക്കു മാത്രം

വേലികള്‍ കളകള്‍ക്കു
കാവലാളാകുമ്പോള്‍
“പദ്രേ”
വിതയ്ക്കും വിളവിനുമിടയില്‍
നീ പച്ചയോടെ വളമാകുന്നു.

എന്റെ നെടുവീര്‍പ്പിനും
വിമ്മിട്ടത്തിനുമിടയിലൂടെ
നീ മുടന്തി മുടന്തി നടക്കുന്നു

പടികളടര്‍ന്നുമാറിയ
പിരിയന്‍ കോണിയും പേറി
നിന്റെ നിശ്ചല വായുവില്‍
കൂടുവിട്ടു കൂടുമാറുന്ന
ആത്മാവുകള്‍
തിരശ്ചീനമായും ലംബമായും
ചരിക്കുന്നു

വിണ്ടുകീറിയ നെഞ്ചില്‍
പിറവിക്കു മുന്‍പെ
പിള്ളത്തണ്ടു മുറിഞ്ഞ
കുഞ്ഞുമുഖങ്ങള്‍ തേങ്ങുന്നു

ഇല കൊഴിയും പോലെ
നിന്റെ പീലികള്‍ കൊഴിഞ്ഞു
ഋതുഭേദങ്ങളിലെവിടെ വച്ചാണ്
നിനക്കു വസന്തം നഷ്ടമായത്‌?

മൂക്കിന്‍ തുമ്പത്തെ ഈച്ചയും
മൂര്‍ച്ചയുള്ള വാളും
പൊട്ടന്‍ രാജാവും
ഭക്തന്‍ അംഗരക്ഷകനും
ചേര്‍ത്ത്‌
കുളക്കരയിലും കുന്നിന്‍ പുറത്തും
തേയിലക്കൊതുകുകള്‍
ഇല്ലാക്കഥ പറഞ്ഞു പരത്തിയത്‌
നീയറിഞ്ഞുവോ?

കണ്ണുകെട്ടി കുരുടരായ
രാജാക്കന്മാരെ മറന്നേക്കുക
കണ്ണുകള്‍ പിഴുതെടുത്ത
ചതുരപ്പെട്ടിയേയും.

ഉള്ളും ഉടലും ഉരുകി
മറ്റൊരു “ചെര്‍ണോബ്”
ആവുക
ഒരു പൊട്ടിത്തെറിയില്‍
എല്ലാം തീര്‍ക്കുക.

അല്ലെങ്കില്‍
നീ തരിക
ഒരു ഭൂതക്കണ്ണാടി
ചരിത്രത്തിന്റെ കൈ രേഖയില്‍
നിന്റെ ദേഹം തിരയാന്‍.

(ചില്ഡ് ബീറിനൊപ്പം കശുവണ്ടി
കൊറിക്കുമ്പോള്‍
മുത്തക്കഷെട്ടിയോ ബോള്‍വിക്കാനം
സുജിത്തോ
നിങ്ങള്‍ക്കു മുന്നില്‍
പ്രത്യക്ഷപ്പെടാം
കഫനൂലുകളുടെ കുറുകല്‍
പഴുപ്പിന്റെ,ചലത്തിന്റെ
അമ്ലഗന്ധം
നിങ്ങളെ ശല്യപ്പെടുത്താം
ഒരു ഓക്കാനം
അവര്‍ക്കായി
കരുതി വയ്ക്കുക)


****“പദ്രേ“ എന്‍ഡോസള്‍ഫാന്റെ ദുരിതം പേറുന്ന കസര്‍ഗോടു ജില്ലയിലെ ഒരു ഗ്രാമം

Tuesday 25 December 2007

ദമനം

അതിസുന്ദരിയായ പെണ്‍ കുട്ടി പുഴക്കരെ നില്‍ക്കുന്നു.ഭാനുമാന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു.കുട്ടി ഭയന്നിരിക്കുന്നു. അപ്പോഴാണ് സന്യാസി മ്ഠത്തിലേക്കു തിരിക്കുന്ന ഒരു വൃ ദ്ധ സന്യാസി അതു വഴി വന്നത്. അയാള്‍ പെന്‍ കുട്ടിയെ നോക്കി, കാരണം ഒരു പെണ്‍കുട്ടിയെ നഷ്ടപ്പെടുകയെന്നതോ നോക്കാതിരിക്കുകയെന്നതോ ഒരു സന്‍യ്യാസിയെ സംബന്ധിച്ചിടത്തോളം അതി കഠിനമാണ് ഒരു പെണ്‍കുട്ടി ഒഴിയാ ബാധയാകുകയെന്നതും ഒരു സന്യാസിയെ സംബ്ന്ധിച്ച്‌ അതി കഠിനമാണ്.! അയാള്‍ ശക്തിയായി പ്രതിരോധിച്ചു കാരണം സ്ത്രീയില്‍ ശത്രു അടങ്ങിയിരിക്കുന്നു എന്നയാള്‍ക്ക്‌ ഉറച്ച ബോധ്യമുണ്ട്‌.
നിങ്ങള്‍ക്കു മിത്രത്തെ ഉപെക്ഷിക്കാം, ശത്രുവിനെ പറ്റില്ല-നിങ്ങളയാളെ കണ്ടേ പറ്റൂ നിങ്ങള്‍ തെരുവിലൂടെ നടക്കുമ്പോള്‍ അവിടെ ശത്രുവുണ്ടെങ്കില്‍ അയാളെ കാണാതിരിക്കുക അസാദ്ധ്യമാണ് അവരവിടെ ഉണ്ടെന്ന ബോധമില്ലാതെ മിത്രങ്ങള്‍ കടന്നു പോയേക്കാം.ശത്രുക്കള്‍ക്കു പറ്റില്ല-കാരണം ശത്രു ഭയമാണ്.ഒരു സുന്ദരിയായ സ്ത്രീ തനിച്ചു നില്‍ക്കുന്നു,മറ്റാരുമില്ല! അവള്‍ ആരുടെയെങ്കിലും സഹായം ആവശ്യപ്പെടുന്നുണ്ട്‌-പുഴയെക്കുറിച്ച്‌ അവല്‍ അജ്ഞയും,അതു കടക്കാന്‍ അവള്‍ക്കു ഭയവുമാണ്.
ഈ വൃദ്ധസന്യാസി അയാളുടെ മിഴിയടക്കാന്‍ ശ്രമിക്കുന്നുണ്ട്‌,ഹൃദയമടയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്‌,രതികേന്ദ്രമടയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്‌.കാരണം അതൊന്നു മാത്രമാണ് ശത്രുവില്‍ നിന്നുള്ള സംരക്ഷണം അയാള്‍ ധൃതിപ്പെടേണ്ടതുണ്ട്‌, പിന്തിരിഞ്ഞു നോട്ടത്തെ ഒഴിവാക്കെണ്ടതുണ്ട്‌ പക്ഷെ......

ദമനം(തുടര്‍ച്ച)

അയാളുടെ മനം നിറയെ ആ പെണ്‍കുട്ടിയാണ്.അയാളുടെ നിലനില്പു മുഴുവന്‍ അവള്‍ക്കു ചുറ്റുമാണ്.അയാള്‍ പുഴ കടക്കുകയാണ് പക്ഷെ പുഴയെ കുറിച്ചയാള്‍ ബോധവാനല്ല.അയാളില്ല .അയാള്‍ സന്യാസിമഠത്തിലേക്കു പോവുക തന്നെയാണ് പക്ഷെ അയാള്‍ക്കിപ്പോള്‍ സന്യാസിമഠത്തില്‍ താല്പര്യമില്ല മുഴുവന്‍ താല്പര്യവും പിറകില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു പെട്ടന്നയാള്‍ തന്റെ സഹചാരിയെ ഓര്‍ക്കുന്നു,ഒരു യുവസന്യാസി,അവര്‍ ഭിക്ഷാടനത്തിലായിരുന്നു, അയാള്‍ തിരിഞ്ഞു നോക്കി അവിടെ യുവസന്യാസി തനിച്ചല്ല അയാളുടെ തോളത്ത്‌ ആ പെണ്‍ കുട്ടിയുമുണ്ടായിരുന്നു!
ഇതു വൃദ്ധനില്‍ ആഴമേറിയ അസൂയ ഉളവാക്കി, ഇതയാള്‍ ചെയ്യാന്‍ ആഗ്രഹിച്ചതായിരുന്നു.നിയമം കാരണം ചെയ്തില്ലെന്നേയുള്ളൂ‍.അവര്‍ മൈലുകളോളം നിശ്ശ്ബ്ദരായി നടന്നു. പെട്ടെന്ന് സന്യസിമഠം വാതില്‍ക്കല്‍ വച്ച്‌ വൃദ്ധന്‍ പറഞ്ഞു”ഇതു നന്നായില്ല ഇതു നിയമ വിരുദ്ധമാണ്”
ആ നിശ്ശബ്ദത മിഥ്യയായിരുന്നു. മൈലുകളോളം ആ വൃദ്ധന്‍ ചിന്തിച്ചത്‌ എങ്ങനെ പക വീടാമെന്നായിരുന്നു.എങ്ങനെ ആ യുവാവിനെ കുറ്റവാളിയാക്കാമെന്നായിരുന്നു അയാള്‍ തുടര്‍ച്ചയായി പീഢിപ്പിക്കപ്പെട്ടിരുന്നു;മറ്റൊരു വിധത്തില്‍,പെട്ടെന്നൊന്നും സംഭവിച്ചില്ല.മനസ്സ്‌ ഒരു നൈരന്തര്യമാണ് ഈ രണ്ടോ മൂന്നോ മൈലുകളോളം അയാള്‍ എന്തു ചെയ്യണമെന്നു തുടര്‍ച്ചയായി ചിന്തിക്കുകയായിരുന്നു, ഇപ്പോള്‍ മാത്രം പറഞ്ഞു എന്നേയുള്ളൂ.
ഇതു ആകസ്മികമല്ല ഉള്ളില്‍ ഒരു പ്രവാഹമുണ്ടായിരുന്നു. അയാള്‍ പറയുന്നു” ഇതു നന്നല്ല,നിയമ വിരുദ്ധമാണ് ഞാനിതു മഠാധിപതിയെ അറിയിക്കാന്‍ പോവുകയാണ്.നീയൊരു നിയമം ലംഘിച്ചിരിക്കുകയാണ്‌ ഒരു സ്ത്രീയെ സ്പര്‍ശിക്കരുത്‌ എന്ന അടിസ്ഥാന നിയമം.നീയവളെ തൊടുക മാത്രമല്ല അവളെ തോളിലേറ്റുകയും ചെയ്തിരിക്കുന്നു” യുവസന്യാസി അമ്പരന്നു.തികച്ചും ആകസ്മികം.... കാരണം അവിടെ ഇപ്പോള്‍ പെണ്‍ കുട്ടിയില്ല,പുഴയില്ല,അവളെയാരും ചുമന്നിട്ടില്ല. മുഴുവന്‍ കാര്യങ്ങളും ഭൂതകാലത്തില്‍ സംഭവിച്ചതാണ്‌. മൂന്നു മൈലുകളോളം അവര്‍ പൂര്‍ണ്ണ നിശ്ശബ്ദരായിരുന്നു.യുവസന്യാസി പറഞ്ഞു” ഞാനവളെ പുഴക്കരയിലുപേക്ഷിച്ചു,നിങ്ങളിപ്പോളും അവളെ വഹിക്കുന്നു”.
ഓഷോ(My way:The way of white clouds,
Chapter 6)

Sunday 25 November 2007

എന്‍ സെവെന്റി

എന്‍ സെവന്റി,

നിന്റെ ഓറഞ്ച്‌,ലൈലാക്‌
മാംസവര്‍ണ്ണങ്ങളില്‍
യജമാനന്റെ നീണ്ടു കൂര്‍ത്ത
വിരലുകളുടെ ദേശാടനം.
രോമക്കുത്തുകളില്‍ ചുണ്ട്‌ ചേര്‍ത്ത്‌
നീ കൊഞ്ചുന്നു
തലയിണകള്‍ക്കും രാവാടകള്‍ക്കും
നിന്റെ മണം.

ഞങ്ങളുടെ
ടോം ആന്റ്‌ ജെറി കളികള്‍ക്കിടയില്‍
നീ എന്തിനു വന്നു?
അറിയാം
നിന്റെ ഹൃദയത്തിന്റെ അറകള്‍
പ്രണയത്തിന്റെ
തമോഗര്‍ത്തങ്ങള്‍
ഞാന്‍ പോറ്റുവാനൊരു
പൈക്കുട്ടി മാത്രം


നിന്റെ കുറുനാക്കിന്റെ കുറുകലുകളില്‍
വെളുത്ത്‌
നീ തിരക്കിലാകുമ്പോള്‍ കറുത്ത്‌
നിന്റെ അസാന്നിധ്യത്തില്‍
ചുവന്ന്‌
എന്റെ കാന്തന്‍

പിന്നെ വിളിക്കാം എന്ന
ഒരിക്കലും സഫലമാകാത്ത
വഗ്ദാനത്തിന്റെ പഴമൊഴി
എനിക്കു സ്വന്തം

പ്രിയ എന്‍ സെവെന്റി
നിന്നെ ഞാന്‍ സ്നേഹിച്ചു പോകുന്നു
അതിയാന്റെ ആത്മാവറിയുന്ന
ഒരേയൊരാള്‍ നീയാണല്ലോ!

(ഡീറ്റയില്‍ ബില്ലുകള്‍ ആവശ്യപ്പെടാതിരിക്കുക!!!!!)

Friday 9 November 2007

നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍.?.......

നാഥൂറാമിന്റേത്‌ ദയാവധം,
ബുദ്ധന്‍ ഷണ്ഡനായിരുന്നു,
മറിയം ക്രിസ്തുവിന്റെ
വെപ്പാട്ടിയായിരുന്നു,
എന്നിങ്ങനെ സമര്‍ത്ഥിക്കുക

നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍?........

പ്രണയച്ചതുപ്പിനു ചുറ്റും
വേലി കെട്ടി
ഭ്രമത്തിനും ഭ്രാന്തിനുമിടയിലുള്ള-
അകലത്തെ
വട്ടത്തിലും നീളത്തിലുമളക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍?......
മുലക്കണ്ണുകളുടെ ആസക്തിയെ,
പൊക്കിള്‍ച്ചുഴിയാം ബര്‍മുഡ ട്രയാംഗിളിനെ,
കൃസരിയുടെ ഉദ്ധാരണത്തെ
ജി-സ്പോട്ട് എന്ന മാന്ത്രിക ബിന്ദുവിനെ
യോനീമാഹാത്മ്യങ്ങളെ-
പറ്റി
ഒന്നരപ്പേജില്‍ കവിയാതെ ഉപന്യസിക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍..........
ടെക്സാസിലോ, പിലാഡല്‍ഫിയയിലോ
ഇരുന്നോ കിടന്നോ
ചത്തുപോയ
രാമകൃഷ്ണനെന്ന പൂച്ചയേയോ
ശാര്‍ങ്ധരനെന്ന നായയെയോ
ഓര്‍ത്ത്‌
“മലയാലത്തില്‍”ഉറക്കെ നിലവിളിക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍.......
പുരുഷാരത്തിനു മുന്‍പില്‍
വിവസ്ത്രനാവുക
അമ്മ പെഴച്ചു പോയെന്നും
പെങ്ങളെ കൂട്ടിക്കൊടുത്തെന്നും
പെണ്ണൊരുത്തി
ജാരനൊപ്പം ഓടിപ്പോയെന്നും
കുമ്പസരിക്കുക

നിങ്ങളെ വായിക്കപ്പെടണമെങ്കില്‍?..........

പാപ്പിറസ്സിന്റെ
പൂമുഖത്തെ
യാങ്കി ദൈവത്തിനു മുത്തം കൊടുത്ത്‌
ചതുര ക്ഷേത്രത്തിലെ
യുദ്ധ കാണ്ഡങ്ങള്‍കണ്ണില്‍ നിറച്ച്‌
കോട്ടുവായിട്ട്‌
“ഹാ പുഷ്പമേ” എന്ന് മന്ത്രിച്ച്‌
കഴിയുമെങ്കി
ല്‍ഒരു വിലാപ കാവ്യം രചിക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍......
അന്നത്തെ ഓണം,
പണ്ടത്തെ സംക്രാന്തി,
അന്‍പത്തഞ്ചിലെ വെള്ളപ്പൊക്കം,
ചാവ്‌,
പതിനാറടിയന്തിരം,
പുലകുളി,
ഇത്യാദി സംഭവങ്ങളെ,
അയവെട്ടിക്കൊണ്ടിരിക്കുക.
മെലിഞ്ഞ പുഴയെ കുറിച്ച്‌,
പെയ്തൊഴിഞ്ഞ മഴയെക്കുറിച്ച്‌,
നിലാവിനെയും നിഴലിനെയും-
കുറിച്ച്‌
വാചാലനാവുക.
ഒന്നിനും പറ്റിയില്ലെങ്കില്‍?
........പുരസ്കാരങ്ങളെപ്പറ്റി
പൊലയാട്ടു പറയുക

നിങ്ങള്‍
വായിക്കപ്പെടണമെങ്കില്‍.?.......................................
.......................................
..........................................

Sunday 4 November 2007

യാത്ര

അവള്‍ പടിഞ്ഞാട്ടും
ഞാന്‍ കിഴക്കോട്ടും
തിരക്കിട്ടു നടക്കുന്നതിനിടയില്‍
കണ്ടു.....
പൂവും പുന്നാരവും ചോദിച്ചില്ല
നമുക്കൊരുമിച്ച്‌?
ആ‍യിക്കോട്ടെ.
ഒരു ചോദ്യത്തിന്
ഒരുത്തരം മാത്രം
ഇരുവരും തെക്കോട്ടു
നടന്ന് തുടങ്ങി.

Saturday 20 October 2007

കുഞ്ഞാട്‌

തോമാച്ചന്റെ
പൂച്ചകള്‍ യജമാനന്റെ കാലുരുമ്മി
കിടക്കയില്‍ മൂത്രം വീഴ്ത്തി
വിറകുപുരയുടെ മുകളില്‍
പെറ്റു കൂട്ടി
ടിയാന്റെ പിന്‍ കാല്‍ മര്‍ദ്ദനങ്ങളെ
ഇരന്നു വാങ്ങി
ജാഗരൂകരായി എലികള്‍ക്കു വേണ്ടി
തിരഞ്ഞുകൊണ്ടേയിരുന്നു
തോമ്മാച്ചന്റെ കുഞ്ഞാട്-പക്ഷെ
പത്തുകല്‍പ്പനകളും
പാടേ ലംഘിച്ച്‌
വേലിക്കെട്ടുകള്‍ക്കിടയിലൂടെ
ഏദന്‍ തോട്ടങ്ങളില്‍
വലിഞ്ഞു കയറി
വിലക്കപ്പെട്ട കനികള്‍
മാത്രം ഭക്ഷിച്ചു
ദിശ തെറ്റിയ പക്ഷിയെ പോലെ
നരകങ്ങളിലൂടെ
തെണ്ടി തിന്നു
തോമാച്ചനറിയാതെ
ബീവാത്തൂന്റെ ചട്ടുകാലന്‍
മുട്ടനാടിനെ പ്രാപിച്ചു
അജപാലകന്റെ
കുഴലൂത്തില്‍ ആട്ടിന്‍ പറ്റങ്ങള്‍ മയങ്ങുമ്പോള്‍
അവള്‍ ചുവന്ന സൂര്യനെ
കണ്ണില്‍ നിറച്ച്‌
തണുത്ത പുലരികളെ
സ്വപ്നം കണ്ടു
അങ്ങനെയിരിക്കെ
ആടങ്ങു ചത്തു
തോമാച്ചന്‍ കൊന്തയും കുരിശും
കുഴിമാടത്തിനു മുകളില്‍ നാട്ടി
തെമ്മാടിക്കും പറുദീസ പ്രപ്തമാക്കണേ
എന്നു ഉള്ളുലഞ്ഞു പ്രാര്‍ത്ഥിച്ചു
ചുണ്ടു കോട്ടി ഒരു ചിരി ചിരിച്ച്‌
ആട്ടിന്‍പ്റ്റത്തെ തെളിച്ചു
വീട്ടിലേക്കു മടങ്ങി
തട്ടിന്‍പുറത്തപ്പോള്‍
പൂച്ചയും എലിയും
പഴയ നാടകം കളിക്കുകയായിരുന്നു

Saturday 13 October 2007

പ്രണയത്തിനു സംഭവിക്കുന്നതു

ഒരേ താളത്തില്‍
ഒരു ഗീതമാലപിക്കാന്‍
ഇനി നമുക്കാവില്ല
ഒരേ ഭാവത്തില്‍ സാഗരം കാണാന്‍
സായന്തനങ്ങള്‍ പിറക്കില്ല
വാക്കുകള്‍ കലപിലകൂട്ടുന്ന
പ്രഭാതങ്ങള്‍ ഒരിക്കലും മടങ്ങി വരില്ല
ഇന്നലെ
ജീവിതത്തിന്റെ
പിന്നാമ്പുറത്ത്‌
ആള്‍ക്കൂട്ടത്തിനു നടുവില്‍
നമ്മള്‍
ആത്മഹത്യ ചെയ്തല്ലോ?!!
പ്രണയം?
അതെല്ലാം മറന്നേക്കൂ
നീയോ ഞാനോ യജമാനന്‍
എന്നുമാത്രം പറയുക.

Tuesday 14 August 2007

പ്രണയിനീക്ക്‌

നിന്നിലേക്കെത്താന്‍ മൂന്നു വഴികള്‍
ക്ലാവു പിടിച്ച ഒര്‍മ്മകളുടെ
ശവപ്പറമ്പിലൂടെ
പിന്നോട്ടൊരു യാത്ര
ബ്രൂട്ടസ്സിനും കാഷ്യസ്സിനും
ഇടയിലൂടെ
മാര്‍ജ്ജാരഗമനം
പിന്നെ
മൂന്നക്ഷരമുള്ള
ഒരു കുറുക്കു വഴി
ഇതൊരു കടങ്കഥയാണ്………..ഉത്തരം കണ്ടെത്താമോ?

എട്ടുകാലി താങ്ങുന്ന മോന്തായം
ചാപിള്ളകളെ പെറ്റുകൂട്ടുന്ന
പെരുത്ത വയറുമായി
അലമാരപ്പെണ്ണുങ്ങള്‍
പിന്നോട്ടു തിരിയുന്ന ഘടികാരം
ചുവപ്പു നിറമുള്ള പട്ടിയുടെ വാല്
ഇരിപ്പിടങ്ങളില്‍ അര്‍ശസ്സിന്റെ
ചുവന്ന വട്ടങ്ങള്‍
ചിലയ്ക്കുന്ന പല്ലിപ്രമാണികള്‍
നുണച്ചിക്കാറ്റിന്റെ ഹുങ്കാരം
ചൊറിച്ചുമല്ലലിന്റെ
പച്ചച്ചിരികള്‍
ചത്തകണ്ണുകള്‍
തളര്‍വാതം പിടിച്ച കൈകള്‍‌
ശ്മശാനത്തിന്റെ ഗന്ധം
വാറ് അറ്റുപോയ ചെരുപ്പിന്റെ കുന്നുകള്‍
മൂകസാക്ഷിയായ പല്ലു പോയ വൃദ്ധന്‍
മണിലാല്‍
കണ്ണാടിയില്‍ പുലരിയില്‍
പന്നിയുടെ മുഖമുള്ള കഴുത
മധ്യഹ്നത്തില്‍
കാണ്ടാമൃഗത്തിന്റെ തേറ്റകള്‍
ത്രിസന്ധ്യയ്ക്ക്‌
ഉടഞ്ഞു ചിതറിയ ചില്ലിന്‍ തുണ്ടുകള്‍.........
ചേര്‍ത്തുവച്ചപ്പോള്‍
ദ്രംഷ്ട്രകളില്‍ നിന്ന്‌ രക്ത്തമിറ്റുന്ന
നൂറു ചെന്നായകള്‍
ഓ…. അതു കണ്ണാടിയല്ലായിരുന്നു
എനിക്കും നിനക്കുമിടയില്‍
നില കൊണ്ട സുതര്യമായ
ചില്ലിന്‍ കഷ്ണം മാത്രം
മണിലാല്