Sunday, 25 November 2007

എന്‍ സെവെന്റി

എന്‍ സെവന്റി,

നിന്റെ ഓറഞ്ച്‌,ലൈലാക്‌
മാംസവര്‍ണ്ണങ്ങളില്‍
യജമാനന്റെ നീണ്ടു കൂര്‍ത്ത
വിരലുകളുടെ ദേശാടനം.
രോമക്കുത്തുകളില്‍ ചുണ്ട്‌ ചേര്‍ത്ത്‌
നീ കൊഞ്ചുന്നു
തലയിണകള്‍ക്കും രാവാടകള്‍ക്കും
നിന്റെ മണം.

ഞങ്ങളുടെ
ടോം ആന്റ്‌ ജെറി കളികള്‍ക്കിടയില്‍
നീ എന്തിനു വന്നു?
അറിയാം
നിന്റെ ഹൃദയത്തിന്റെ അറകള്‍
പ്രണയത്തിന്റെ
തമോഗര്‍ത്തങ്ങള്‍
ഞാന്‍ പോറ്റുവാനൊരു
പൈക്കുട്ടി മാത്രം


നിന്റെ കുറുനാക്കിന്റെ കുറുകലുകളില്‍
വെളുത്ത്‌
നീ തിരക്കിലാകുമ്പോള്‍ കറുത്ത്‌
നിന്റെ അസാന്നിധ്യത്തില്‍
ചുവന്ന്‌
എന്റെ കാന്തന്‍

പിന്നെ വിളിക്കാം എന്ന
ഒരിക്കലും സഫലമാകാത്ത
വഗ്ദാനത്തിന്റെ പഴമൊഴി
എനിക്കു സ്വന്തം

പ്രിയ എന്‍ സെവെന്റി
നിന്നെ ഞാന്‍ സ്നേഹിച്ചു പോകുന്നു
അതിയാന്റെ ആത്മാവറിയുന്ന
ഒരേയൊരാള്‍ നീയാണല്ലോ!

(ഡീറ്റയില്‍ ബില്ലുകള്‍ ആവശ്യപ്പെടാതിരിക്കുക!!!!!)

Friday, 9 November 2007

നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍.?.......

നാഥൂറാമിന്റേത്‌ ദയാവധം,
ബുദ്ധന്‍ ഷണ്ഡനായിരുന്നു,
മറിയം ക്രിസ്തുവിന്റെ
വെപ്പാട്ടിയായിരുന്നു,
എന്നിങ്ങനെ സമര്‍ത്ഥിക്കുക

നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍?........

പ്രണയച്ചതുപ്പിനു ചുറ്റും
വേലി കെട്ടി
ഭ്രമത്തിനും ഭ്രാന്തിനുമിടയിലുള്ള-
അകലത്തെ
വട്ടത്തിലും നീളത്തിലുമളക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍?......
മുലക്കണ്ണുകളുടെ ആസക്തിയെ,
പൊക്കിള്‍ച്ചുഴിയാം ബര്‍മുഡ ട്രയാംഗിളിനെ,
കൃസരിയുടെ ഉദ്ധാരണത്തെ
ജി-സ്പോട്ട് എന്ന മാന്ത്രിക ബിന്ദുവിനെ
യോനീമാഹാത്മ്യങ്ങളെ-
പറ്റി
ഒന്നരപ്പേജില്‍ കവിയാതെ ഉപന്യസിക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍..........
ടെക്സാസിലോ, പിലാഡല്‍ഫിയയിലോ
ഇരുന്നോ കിടന്നോ
ചത്തുപോയ
രാമകൃഷ്ണനെന്ന പൂച്ചയേയോ
ശാര്‍ങ്ധരനെന്ന നായയെയോ
ഓര്‍ത്ത്‌
“മലയാലത്തില്‍”ഉറക്കെ നിലവിളിക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍.......
പുരുഷാരത്തിനു മുന്‍പില്‍
വിവസ്ത്രനാവുക
അമ്മ പെഴച്ചു പോയെന്നും
പെങ്ങളെ കൂട്ടിക്കൊടുത്തെന്നും
പെണ്ണൊരുത്തി
ജാരനൊപ്പം ഓടിപ്പോയെന്നും
കുമ്പസരിക്കുക

നിങ്ങളെ വായിക്കപ്പെടണമെങ്കില്‍?..........

പാപ്പിറസ്സിന്റെ
പൂമുഖത്തെ
യാങ്കി ദൈവത്തിനു മുത്തം കൊടുത്ത്‌
ചതുര ക്ഷേത്രത്തിലെ
യുദ്ധ കാണ്ഡങ്ങള്‍കണ്ണില്‍ നിറച്ച്‌
കോട്ടുവായിട്ട്‌
“ഹാ പുഷ്പമേ” എന്ന് മന്ത്രിച്ച്‌
കഴിയുമെങ്കി
ല്‍ഒരു വിലാപ കാവ്യം രചിക്കുക
നിങ്ങള്‍ വായിക്കപ്പെടണമെങ്കില്‍......
അന്നത്തെ ഓണം,
പണ്ടത്തെ സംക്രാന്തി,
അന്‍പത്തഞ്ചിലെ വെള്ളപ്പൊക്കം,
ചാവ്‌,
പതിനാറടിയന്തിരം,
പുലകുളി,
ഇത്യാദി സംഭവങ്ങളെ,
അയവെട്ടിക്കൊണ്ടിരിക്കുക.
മെലിഞ്ഞ പുഴയെ കുറിച്ച്‌,
പെയ്തൊഴിഞ്ഞ മഴയെക്കുറിച്ച്‌,
നിലാവിനെയും നിഴലിനെയും-
കുറിച്ച്‌
വാചാലനാവുക.
ഒന്നിനും പറ്റിയില്ലെങ്കില്‍?
........പുരസ്കാരങ്ങളെപ്പറ്റി
പൊലയാട്ടു പറയുക

നിങ്ങള്‍
വായിക്കപ്പെടണമെങ്കില്‍.?.......................................
.......................................
..........................................

Sunday, 4 November 2007

യാത്ര

അവള്‍ പടിഞ്ഞാട്ടും
ഞാന്‍ കിഴക്കോട്ടും
തിരക്കിട്ടു നടക്കുന്നതിനിടയില്‍
കണ്ടു.....
പൂവും പുന്നാരവും ചോദിച്ചില്ല
നമുക്കൊരുമിച്ച്‌?
ആ‍യിക്കോട്ടെ.
ഒരു ചോദ്യത്തിന്
ഒരുത്തരം മാത്രം
ഇരുവരും തെക്കോട്ടു
നടന്ന് തുടങ്ങി.