Friday, 28 December 2007

പദ്രേക്കു മാത്രം

വേലികള്‍ കളകള്‍ക്കു
കാവലാളാകുമ്പോള്‍
“പദ്രേ”
വിതയ്ക്കും വിളവിനുമിടയില്‍
നീ പച്ചയോടെ വളമാകുന്നു.

എന്റെ നെടുവീര്‍പ്പിനും
വിമ്മിട്ടത്തിനുമിടയിലൂടെ
നീ മുടന്തി മുടന്തി നടക്കുന്നു

പടികളടര്‍ന്നുമാറിയ
പിരിയന്‍ കോണിയും പേറി
നിന്റെ നിശ്ചല വായുവില്‍
കൂടുവിട്ടു കൂടുമാറുന്ന
ആത്മാവുകള്‍
തിരശ്ചീനമായും ലംബമായും
ചരിക്കുന്നു

വിണ്ടുകീറിയ നെഞ്ചില്‍
പിറവിക്കു മുന്‍പെ
പിള്ളത്തണ്ടു മുറിഞ്ഞ
കുഞ്ഞുമുഖങ്ങള്‍ തേങ്ങുന്നു

ഇല കൊഴിയും പോലെ
നിന്റെ പീലികള്‍ കൊഴിഞ്ഞു
ഋതുഭേദങ്ങളിലെവിടെ വച്ചാണ്
നിനക്കു വസന്തം നഷ്ടമായത്‌?

മൂക്കിന്‍ തുമ്പത്തെ ഈച്ചയും
മൂര്‍ച്ചയുള്ള വാളും
പൊട്ടന്‍ രാജാവും
ഭക്തന്‍ അംഗരക്ഷകനും
ചേര്‍ത്ത്‌
കുളക്കരയിലും കുന്നിന്‍ പുറത്തും
തേയിലക്കൊതുകുകള്‍
ഇല്ലാക്കഥ പറഞ്ഞു പരത്തിയത്‌
നീയറിഞ്ഞുവോ?

കണ്ണുകെട്ടി കുരുടരായ
രാജാക്കന്മാരെ മറന്നേക്കുക
കണ്ണുകള്‍ പിഴുതെടുത്ത
ചതുരപ്പെട്ടിയേയും.

ഉള്ളും ഉടലും ഉരുകി
മറ്റൊരു “ചെര്‍ണോബ്”
ആവുക
ഒരു പൊട്ടിത്തെറിയില്‍
എല്ലാം തീര്‍ക്കുക.

അല്ലെങ്കില്‍
നീ തരിക
ഒരു ഭൂതക്കണ്ണാടി
ചരിത്രത്തിന്റെ കൈ രേഖയില്‍
നിന്റെ ദേഹം തിരയാന്‍.

(ചില്ഡ് ബീറിനൊപ്പം കശുവണ്ടി
കൊറിക്കുമ്പോള്‍
മുത്തക്കഷെട്ടിയോ ബോള്‍വിക്കാനം
സുജിത്തോ
നിങ്ങള്‍ക്കു മുന്നില്‍
പ്രത്യക്ഷപ്പെടാം
കഫനൂലുകളുടെ കുറുകല്‍
പഴുപ്പിന്റെ,ചലത്തിന്റെ
അമ്ലഗന്ധം
നിങ്ങളെ ശല്യപ്പെടുത്താം
ഒരു ഓക്കാനം
അവര്‍ക്കായി
കരുതി വയ്ക്കുക)


****“പദ്രേ“ എന്‍ഡോസള്‍ഫാന്റെ ദുരിതം പേറുന്ന കസര്‍ഗോടു ജില്ലയിലെ ഒരു ഗ്രാമം

7 comments:

G.MANU said...

ഇല കൊഴിയും പോലെ
നിന്റെ പീലികള്‍ കൊഴിഞ്ഞു
റതുഭേദങ്ങളിലെവിടെ വച്ചാണ്
നിനക്കു വസന്തം നഷ്ടമായത്‌

piercing lines..good..

രാജന്‍ വെങ്ങര said...

കണ്ണിനപ്പുറം ഉറയുന്നതു
കറുത്ത തോറ്റങ്ങളെങ്കില്‍,
കണ്ണടക്കാം,അല്ലെങ്കില്‍
കഴുത്തു വെട്ടിച്ചൊഴിഞ്ഞുമാറാം.
ഇപ്പുറം കനവിന്റെ മായകള്‍,
കൈമാടി വിളിക്കുന്നുണ്ടു.
കണ്‍പോളകള്‍
ദാനമായി നല്‍കുകിലതു
അടച്ചെന്നും വച്ചീടുമെങ്കില്‍,
കയ്യിലേറൂം കാല്‍ പണം.
അവരതിന്മെലെഴുതും ചില ചില്ലറ
വാചകങ്ങള്‍,പരസ്യങ്ങള്‍.
കാഴ്ച്ചപോയവര്‍
ചിലരതു വായിക്കാന്‍
കണ്ണടച്ചിരിക്കാം നാമുക്കും,
കിട്ടുകിലാപത്തുപണ
മിന്നത്തെയത്താഴം.
അതിനുമേലെന്തുണ്ടിനി
യെന്തയാലെന്താ..?
നമുക്കും കിട്ടണം പണം.

Unknown said...

ഇതെഴുതിയതിനു് അഭിനന്ദനങ്ങള്‍!!

ലേഖാവിജയ് said...

കവിതയുടെ തലക്കെട്ട് കണ്ടപ്പോള്‍ ‘ന്താ ദ്‘ എന്നു ആലോചിച്ച് കുഴങ്ങി.അടിക്കുറിപ്പു സഹായകമായി.കേരളത്തെക്കുറിച്ചിപ്പോള്‍ ഒന്നുമറിയില്ലെന്ന അവസ്ഥയാണു.വൈയക്തിക പ്രശ്നങ്ങളെ ഒഴിവാക്കി നിര്‍ത്തി എഴുതാന്‍ താങ്കള്‍ക്ക് കഴിയുന്നല്ലൊ.നല്ലത്.ആശംസകള്‍ !

കണ്ണൂരാന്‍ - KANNURAN said...

സാമൂഹ്യപ്രസക്തിയുള്ള ഇത്തരം വിഷയം തിരഞ്ഞെടുത്തതിനു പ്രത്യേകം അഭിനന്ദിക്കുന്നു.

ഋതുഭേദം - r^thubhEdam ഇങ്ങനെ എഴുതാം.

ബോള്‍വിക്കാനമല്ലല്ലോ ബോവിക്കാനമല്ലെ?

ജെസീനസഗീര്‍ said...

കവിത നന്നായിരിക്കുന്നു..

മാധവം said...

പേരെടുത്തു പറയുന്നില്ല ഇതു വഴി വന്ന എല്ലാവര്‍ക്കും നന്ദി