Saturday, 20 October 2007

കുഞ്ഞാട്‌

തോമാച്ചന്റെ
പൂച്ചകള്‍ യജമാനന്റെ കാലുരുമ്മി
കിടക്കയില്‍ മൂത്രം വീഴ്ത്തി
വിറകുപുരയുടെ മുകളില്‍
പെറ്റു കൂട്ടി
ടിയാന്റെ പിന്‍ കാല്‍ മര്‍ദ്ദനങ്ങളെ
ഇരന്നു വാങ്ങി
ജാഗരൂകരായി എലികള്‍ക്കു വേണ്ടി
തിരഞ്ഞുകൊണ്ടേയിരുന്നു
തോമ്മാച്ചന്റെ കുഞ്ഞാട്-പക്ഷെ
പത്തുകല്‍പ്പനകളും
പാടേ ലംഘിച്ച്‌
വേലിക്കെട്ടുകള്‍ക്കിടയിലൂടെ
ഏദന്‍ തോട്ടങ്ങളില്‍
വലിഞ്ഞു കയറി
വിലക്കപ്പെട്ട കനികള്‍
മാത്രം ഭക്ഷിച്ചു
ദിശ തെറ്റിയ പക്ഷിയെ പോലെ
നരകങ്ങളിലൂടെ
തെണ്ടി തിന്നു
തോമാച്ചനറിയാതെ
ബീവാത്തൂന്റെ ചട്ടുകാലന്‍
മുട്ടനാടിനെ പ്രാപിച്ചു
അജപാലകന്റെ
കുഴലൂത്തില്‍ ആട്ടിന്‍ പറ്റങ്ങള്‍ മയങ്ങുമ്പോള്‍
അവള്‍ ചുവന്ന സൂര്യനെ
കണ്ണില്‍ നിറച്ച്‌
തണുത്ത പുലരികളെ
സ്വപ്നം കണ്ടു
അങ്ങനെയിരിക്കെ
ആടങ്ങു ചത്തു
തോമാച്ചന്‍ കൊന്തയും കുരിശും
കുഴിമാടത്തിനു മുകളില്‍ നാട്ടി
തെമ്മാടിക്കും പറുദീസ പ്രപ്തമാക്കണേ
എന്നു ഉള്ളുലഞ്ഞു പ്രാര്‍ത്ഥിച്ചു
ചുണ്ടു കോട്ടി ഒരു ചിരി ചിരിച്ച്‌
ആട്ടിന്‍പ്റ്റത്തെ തെളിച്ചു
വീട്ടിലേക്കു മടങ്ങി
തട്ടിന്‍പുറത്തപ്പോള്‍
പൂച്ചയും എലിയും
പഴയ നാടകം കളിക്കുകയായിരുന്നു

2 comments:

വിഷ്ണു പ്രസാദ് said...

മണീ,കൂവിയാല്‍ കേള്‍ക്കാവുന്ന അകലത്തില്‍ ധാരാളം മനുഷ്യരുണ്ട് ഇവിടെ...

GLPS VAKAYAD said...

dear,
ഞാനൊരു പുതിയ ബ്ലോഗ് തുടങ്ങുന്നു,സാങ്കേതികത വശമില്ല പേര് നിരാസം പ്രണയ കവിതകളുടെ ഒരു ശേഖരമാണു ലക്ഷ്യം പ്രശസ്തരുടെയും അപ്രശസ്തരുടെയും പ്രണയ കവിതകള്‍ പ്രതീക്ഷിക്കാം.സന്ദര്‍ശിക്കണം.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വേണം
സ്നേഹത്തോടെ
ദേവതീര്‍ത്ഥ