Wednesday 13 February 2008

പ്രണയ പര്‍വ്വങ്ങള്‍

കുന്നിന്‍ മുകളിലേക്ക്

കല്ലുരുട്ടുന്നവരുടെ അറിവിലേക്ക്?!

ഉറവ വറ്റിപ്പോയ നീര്‍ക്കുഴികളില്‍-

ചിതല്‍ തിന്ന പുറം ചട്ടയുമായി

പ്രണയപ്പെരുക്കങ്ങളുടെ വിസ്തൃത-

മന:പാഠങ്ങള്‍ കണ്ടേക്കാം

കണ്ണുടക്കരുത്.

പുറം കരിഞ്ഞ് അകം വേവാത്ത

നന്നങ്ങാടികളിലെ കറുത്ത-

ഫലിതങ്ങള്‍ വെളുക്കെ ചിരിക്കുമ്പോള്‍

വഴി തെറ്റരുത്

അറ്റം കൂര്‍ത്ത ഇലകളുള്ള

മരക്കൊമ്പുകളില്‍

ചിറകുകള്‍ നഷ്ടപ്പെട്ട

ഇരട്ടത്തലയുള്ള ആണ്‍-

മയിലുകള്‍ തൂങ്ങിക്കിടക്കും

ഭയക്കരുത്

ഗിരിശൃംഖത്തിന്റെ

നെറുകയിലേക്കുള്ള ഒറ്റ-

വരിപ്പാലം തകര്‍ക്കുക

കദംബ മരച്ചുവട്ടില്‍ കൈകള്‍ കോര്‍ത്ത്

കണ്ണടച്ചു ധ്യാനിക്കുക

വസന്തം ചെറിപ്പൂക്കളോടെന്ന പോലെ

അവളുടെ പിന്‍ കഴുത്തില്‍

ഒരിക്കല്‍ ഒരേയൊരിക്കല്‍

പ്രാണന്റെ പിടച്ചില്‍ മുദ്രണം ചെയ്യുക

മദജലമൂറുന്ന നയനങ്ങളില്‍ നിന്ന്

ഒരാമ്പല്‍പ്പൂ പിഴുതെടുത്ത്

ഓര്‍മ്മയുടെ ഉപ്പുഖനിയിലേക്കെറിയുക

തിരിഞ്ഞു നടക്കുക.

12 comments:

പാമരന്‍ said...

ഇഷ്ടപ്പെട്ടു..

ചിലത്‌ മനസ്സിലായില്ല.. ഒന്നു രണ്ടു തവണ കൂടി വായിക്കാം..

"വസന്തം ചെറിപ്പൂക്കളൊടെന്നപോലെ" - നെരൂദ??

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല കവിത.

ശെഫി said...

വരികള്‍ കൊള്ളം

GLPS VAKAYAD said...

പാമരന് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം,നേരൂദയുടെ വരികളുടെ ഒരു ട്വിസ്റ്റ് ആണ് ഉദ്ദേശിച്ചതു...ഇവിടെ പ്രണയത്തിനു പൂര്‍ണ്ണത ആവശ്യമില്ല വ്യവസ്ഥാപിതമായ ഒരു സ്ഥാപനത്തിലേക്കുള്ള യാത്രയല്ലത്.ഭ്രമത്തിനും ഭ്രാന്തിനുമിടയില്‍ സജീവമായ അസ്തിത്വത്തോടെ നാം ജീവിച്ച ഇത്തിരി നിമിഷങ്ങള്‍ അവശേഷിപ്പിച്ച് പ്രണയം വിട പറയുന്നു.ഒരിക്കല്‍ ഒരേയൊരിക്കല്‍ മാത്രം പ്രണയിനിയുടെ അന്തര്‍ജലങ്ങളെ കുതിപ്പിച്ച്,പ്രതീക്ഷയുടെ ,ഭ്രാന്തന്‍ മോഹങ്ങളുടെ തീക്കനലുകള്‍ ഇരുവരിലും അവശേഷിപ്പിച്ച് തിരിഞ്ഞു നടക്കുമ്പോളാണ് പ്രണയം അനാഥമാകുമ്പോളാണ് അതു സ്ഫടികം പോലെ തിളങ്ങുന്നത്.
പ്രണയം ഒരു മലകയറ്റം പോലെയാണ് യാതനകളും ഉള്‍പ്പുളകങ്ങളും സമ്മാനിച്ച യാത്ര എന്തോ പ്രതീക്ഷിച്ചാവുമ്പോള്‍ ചിലപ്പോള്‍ കുന്നിന്റെ നെറുകയിലെ വാഗ്ദത്ത ഭൂമി കണ്ട് ഇത്രയേ ഉള്ളോ?
എന്നു നാം പരിതപിച്ചേക്കാം.ഒറ്റവരിപ്പാലം തകര്‍ത്തുകളയാന്‍ പറഞ്ഞത് അതാണ്.കവിതയെ പോസ്റ്റ് മോര്‍ട്ടം ചെയ്യണൊ? വേണ്ട അല്ലെ?നെരൂദ ശരീരം മുഴുവന്‍ ആവശ്യപ്പെടുമ്പോള്‍ കവിതയ്ക്ക് പ്രാണന്റെ പിടച്ചിലുകള്‍ മുദ്രണം ചെയ്യാന്‍ പിന്‍ കഴുത്തു മാത്രം മതി.പാമരാ(ആ പേരു മാറ്റിക്കൂടേ)പണിതീര്‍ത്ത ശില്പത്തെക്കാള്‍ ഭംഗി............
വാല്‍മീകി ഷെഫി ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ അനല്പമായ സന്തോഷം

krishnaa said...

നന്നായിരിക്കുന്നു...!മനസ്സിലെ പലസംശയങ്ങള്‍ക്കും
ഉത്തരം കിട്ടിയപോലെ ഒരു തോന്നല്‍...!

sv said...

പ്രണയം ഒരു മലകയറ്റം പോലെയാണ് ..

ശരിയാണു.. മുകളില്‍ എത്തി പാറയില്‍ പേരു കോറിയിട്ടാല്‍ തീര്‍ന്നു... എല്ലാം..

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Rejesh Keloth said...

:-)

ഹരിയണ്ണന്‍@Hariyannan said...

കൊള്ളാം...
നല്ലവരികള്‍..!
സമയോചിതമായ പോസ്റ്റ്!!

പാമരന്‍ said...

ശരിയാണ്‌ ദേവ. കവിതയെ വ്യഖ്യാനിക്കാന്‍ ശ്രമിക്കുന്നതിലര്‍ത്ഥമില്ല. കവിത ഒരു ചൂണ്ടികയോ കണ്ണാടിയോ ആവട്ടെ. വായനക്കാരന്‍ കാണേണ്ടത്‌ തന്‍റെ തന്നെ അകക്കണ്ണിലൂടെ കാണട്ടെ.

പലവരികളും വീണ്ടും വായിക്കും തോറും ചിന്തിക്കുംതോറും കൂടുതല്‍ ആഴമുള്ളതായി തോന്നുന്നു.

"ആ പേരു മാറ്റിക്കൂടേ" :) ഈ ബൂലോകത്തു വന്ന്‌ നിങ്ങളെപ്പോലെ ഉള്ളവരെ അക്ഷരങ്ങളിലൂടെ പരിചയപ്പെട്ടപ്പോള്‍ ആ പേരു തെരെഞ്ഞെടുത്തതെത്ര ശരിയായി എന്നാണെനിക്കു തോന്നുന്നത്‌.

GLPS VAKAYAD said...

പാമരാ അത്രയ്കങ്ങട്ട് വേണോ?എന്തായാലും വിശദമായ പോസ്റ്റിനു നന്ദി

തോന്ന്യാസി said...

കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കറിയില്ല,

പക്ഷേ എവിടെയോ ഒരു കൊളുത്തുവീണ പോലെ....

കാപ്പിലാന്‍ said...

വെടിയുണ്ടകള്‍ ആകാശത്തില്‍ കൂടി ചീറിപാഞ്ഞു വരും ഭയപ്പെടരുത്‌..നന്നായി