Sunday, 13 January 2008

ബലൂണുകളുടെ നൃത്തം

കാലത്തിനു കുറുകെയുള്ള ഒറ്റയടിപ്പാതയിലൂടെ മറവിയുടെ പച്ചപ്പൂപ്പലുകള്‍ നാലുപാടും തെറിപ്പിച്ചു കൊണ്ട്‌ ഒരു തൊണ്ട്‌ അതിവേഗം ചലിച്ചു.അത്ഭുതകരമായ കൈ മെയ് വഴക്കത്തില്‍ കാട്ടപ്പക്കമ്പിന്റെ അറ്റത്ത്‌ അതു കുരുങ്ങിക്കിടന്നു.മാന്ത്രിക ദണ്ഡിന്റെ മറ്റേയറ്റം കണാരുവിന്റെ കയ്യില്‍ ഭദ്രമായിരുന്നു.തൊണ്ടുരുണ്ടു നീങ്ങുന്നത് ടീച്ചറമ്മയുടെ വീട്ടിലേക്കാണ്.

അവിടെ ഓനെക്കാത്ത് ടീച്ചറമ്മയുടെ തലതെറിച്ച സന്താനമിരിപ്പുണ്ട്‌.
കണാരുവും തൊണ്ടും ഉമ്മറത്ത്‌ കിതച്ചു നിന്നു.ഓന്റെ കുപ്പായം ചേറും തഴമ്പും പിടിച്ചതും പിന്‍ഭാഗം മണ്ണിലുരഞ്ഞു കീറിയതുമായിരുന്നു.
ഉണക്കമീനിന്റെയും ചുട്ട അണ്ടിയുടെയും ഇണങ്ങാത്ത ഗന്ധങ്ങള്‍ അവനെ ചൂഴ്ന്നു നിന്നു.
കണാരു നടുത്തളത്തിലേക്കൊന്നു പാളി നോക്കി;ഇല്ല ആളനക്കമില്ല.
ആരൂല്ലെ ഇബിടെ?ഓന്റെ മഞ്ഞക്കണ്ണുകള്‍ തിളങ്ങി!
ഇല്ല ന്തേയ്?
വിശാസം വരാത്ത മട്ടില്‍ ഓന്‍ ചാഞ്ഞും ചെരിഞ്ഞും നോക്കി,ടീച്ചറമ്മ ണ്ടോ ഞ്ഞി സത്യം പറ ചങ്ങായീ?
കോട്ടേലെ പാമ്പാണെ ഇല്ല പോരെ.
കണാരു ചിരിച്ചു, നനഞ്ഞ ചിരി
ഇബിടെന്തെങ്കിലും തിന്നാനുണ്ടോ? ചോറു ബെയ്ച്ചിട്ടു രണ്ടീസായി.പിന്നിലേക്കു കൂര്‍ത്ത ഓന്റെ ചെവി എന്റെ വായിലേക്കു നീണ്ടു അതില്‍ ആകാംഷയും വിശപ്പും പുരണ്ടിരുന്നു.
ടീച്ചറമ്മേടെ മോന്റെ മനസ്സലിഞ്ഞു,പഴയ അമൂല്‍ ടിന്നിലെ അണ്ണാച്ചി മിച്ചറിനു മുന്നില്‍ കണാരു ബകനായി.
ഡാ ഞ്ഞി മുഴുവന്‍ വെട്ടിവിഴുങ്ങല്ലെ അമ്മ പൊറം ചെണ്ടയാക്കും,എന്റെ കണ്ണുകളിലെ ദയനീയത കണാരു തിരിച്ചറിഞ്ഞില്ല.
ഞ്ഞി പോഡാ! ടീച്ചറമ്മ പാവം... ഓറ് ന്റെയും അമ്മയാ..അവസാനത്തെ വാക്കിനൊപ്പം മിച്ചറിന്റെ മൂന്നാലു കോലുകള്‍ എന്റെ മൊകത്തേക്കു തെറിച്ചു.ഓന്റെ തമാശകേട്ടു ഞാന്‍ ചിരിച്ചു.പാവം!

ഒതിയാര്‍ക്കമില്ലാത്ത വെടക്കുചെക്കനുമായുള്ള കച്ചോടം എന്നു നിര്‍ത്തുന്നോ അന്നേ ഇത്തലതെറിച്ചോന്‍
“നേരെയാവൂന്ന് ഇന്നു രാവിലെയും ടീച്ചറമ്മ പ്രാകിയതു കണാരു കേട്ടിട്ടില്ലല്ലോ!!
പല്ലിനുമുകളില്‍ പറ്റിയ മിച്ചറിന്റെ പരലുകള്‍ നാക്കു കൊണ്ടു തുഴഞ്ഞെടുത്ത് കണാരു എന്റടുത്തേക്കു നീങ്ങിയിരുന്നു,ഒരുകൂട്ടം കാണിച്ചു തരട്ടെ?ന്റെ കയ്യില്‍ പൊട്ടാത്ത ബലൂണുണ്ട്,ത്ര വീറ്പ്പിച്ചാലും പൊട്ടൂല.
പോടാ ബഡായി,സൊള്ള്‌,ന്നെ പറ്റിക്കാനല്ലെ?
ന്നാഞ്ഞി കണ്ടോ, ഓന്റെ മൊകത്ത് ഗൌരവം
കണാരു തികഞ്ഞ ശ്രദ്ധയോടെ ബലൂണ്‍ ചുണ്ടില്‍ ചേര്‍ത്തു,ബലൂണ്‍ വീര്‍ക്കാന്‍ തുടങ്ങി,ഉണ്ണിമാങ്ങ,തൊണ്ടന്‍ മാങ്ങ,ഉണ്ടച്ചക്ക,വരിക്കച്ചക്ക,അതിന്റെ ആകൃതി അനുനിമിഷം മാറുകയാണ്.
മതി കണാരു അതിപ്പം പൊട്ടും,ഇനിക്ക് പേടിയാവുന്നു
ഓന്‍ നിര്‍ത്തുന്നില്ല ബലൂണിന്റെ ഓരോ തന്മാത്രയും ഇലാസ്തികതയുടെ പരമ്യത്തിലേക്കു കുതിക്കുകയാണ്.ന്റെ കണ്ണുകളും.ഓന് ശ്വാസം മുട്ടുന്നുണ്ട്‌,ചാലിട്ട മൂക്കള ബലൂണിലൂടെ ഒഴുകി നിലത്തു വീണു പടര്‍ന്നു.ടീച്ചറമ്മേടെ തലതെറിച്ച മോന്‍ ഉറക്കെ നെലവിളിച്ചു...ഡാ പന്നീ‍ നിര്‍ത്ത്...
കാറ്റുപോയ ബലൂണ്‍ കാണാരൂന്റെ കയ്യില്‍ ചുരുണ്ടു കിടന്നു,ഓനൊരു ദീര്‍ഘനിശ്വാസം വിട്ടു എന്നെ നോക്കി
ഞാന്‍ വിളറിപ്പോയിരുന്നു,ഓന്റെ മഞ്ഞക്കണ്ണുകളില്‍ വിജയത്തിന്റെ മിന്നല്‍ കതിരുകള്‍ തെളിഞ്ഞു.
ഏട്ന്നാ മോനേ ഞ്ഞി ഇബ്ബലൂണ് വാങ്ങീത്‌? മോയിക്കാന്റെ പീട്യേന്നാ?ന്റെ വാക്കുകളില്‍ അത്ഭുതവും ഭീതിയും കലര്‍ന്നിരുന്നു.
കണാരു ചിരിച്ചു, പൊട്ടിപ്പൊട്ടിച്ചിരിച്ചു,മൂക്കോണ്ടാ ഓന്‍ ചിരിക്യാ ചിരിക്കൊപ്പം പത്തിവിടര്‍ത്താത്ത രണ്ടു പാമ്പിന്‍ കുഞ്ഞുങ്ങള്‍ മൂക്കിന്‍ തുളയില്‍ നിന്നു പുറത്തു ചാടും ചിരിക്കൊടുവില്‍ അവ മാളങ്ങളില്‍ വിശ്രമിക്കും.
ബടുക്കൂസെ ഇബ്ബലൂണ് മോയിക്കാന്റെ പീട്യേലൊന്നും കിട്ടൂല,ഞ്ഞി തലകുത്തി നിന്നാലും കിട്ടൂല.കള്ളപ്പന്നി ബീര്യം കൂട്ട്വാണ്.
ഞ്ഞി പൊന്തി കാട്ടണ്ടാ ഞ്ഞിട്ടു പറയ്യെം വേണ്ട. ഞാന്‍ കെറുവിച്ചു.
അതോനു സഹിക്കൂല,ഓന്റെ കണ്ണിലെ തിരി കെട്ടു.
ഒണക്കമത്തീന്റെ വാടയ്ക്കൊപ്പം ആ രഹസ്യം എന്റെ കാതിലെത്തി
ഇനിക്കിത് അണ്ടീക്കണ്ണച്ചന്റെ വൃത്തിക്കമാവിന്റെ ചോട്ടീന്നു കിട്ടീതാ,മാപ്ലാര് സുന്നത്തു കയ്ച്ചാലിടുന്നതാണു പോലും,കുട്ട്യോക്കറു പറഞ്ഞതാ!അനക്കു ബേണോ? കൊറേയുണ്ട്.ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞു കണാരു കിതച്ചു.
നിധിവേട്ടയ്ക്കിറങ്ങിയ കടല്‍ക്കൊള്ളക്കാരെപ്പോലെ രണ്ടു കുട്ടിച്ചെകുത്താന്മാര്‍ അണ്ടിക്കണ്ണച്ചന്റെ വൃത്തിക്കമാവിന്‍ തോട്ടം അരിച്ചു പെറുക്കി,ടീച്ചറമ്മയുടെ വീടിന്റെ എറയില്‍ പകലു മുഴുവന്‍ ബലൂണുകള്‍ നൃത്തം ചെയ്തു.
രാത്രി വള്ളിത്തണ്ടുകള്‍ ചിതറിക്കിടന്ന തറയില്‍ തിണര്‍ത്ത തുടയുമായി ടീച്ചറമ്മേന്റെ തലതെറിച്ച സന്തതി കിടന്നു.നിശീഥിനിയുടെ ഏഴാം യാമത്തില്‍ മോന്തായത്തിലൂടെ പല്ലികള്‍ വെകിളി പിടിച്ചു പാഞ്ഞു.ടീച്ചറമ്മേടെ മോന്‍ പരശതം ബലൂണുകള്‍ക്കൊപ്പം ഉയര്‍ന്നു പൊങ്ങുന്ന കാഴ്ച കണ്ട് അവ നിറ്ത്താതെ ചിലച്ചു,കണാരുവിന്റെ രൂക്ഷമായ നോട്ടത്തില്‍ പല്ലികള്‍ നിശ്ശബ്ദരായി

അവസാനിക്കുന്നില്ല........

6 comments:

lost world said...

സമാനമായ ചില ഓര്‍മകളിലേക്ക് കൊണ്ടുപോയി ഈഎഴുത്ത്.പ്രൈമറിക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസിലെ മുതിര്‍ന്ന ഒരു കുട്ടി ‘ഇത്തരം ബലൂണ്‍ ’കൊണ്ടു വന്നു.കാര്യമറിയാവുന്ന പിള്ളേര്‍
തട്ടിപ്പറിച്ച് വീര്‍പ്പിച്ച് വിട്ടു.അത് വെറും ബലൂണായിരുന്നു അന്നെനിക്ക്.മറ്റു കുട്ടികള്‍ പറഞ്ഞപ്പോഴാണ്.... :)

ശെഫി said...

നന്നാവുന്നു എഴുത്ത്‌,,,,വിശേഷിച്ചും ആ അവസാന ഭാഗവും സംഭാഷണങ്ങളുടെ ഭാഷയും

ശ്രീ said...

നല്ല എഴുത്ത്. മികച്ച അവതരണ ശൈലി.

:)

GLPS VAKAYAD said...

വിഷ്ണു,ശ്രീ,ഷെഫി,ഇതുവഴി വന്ന സഹൃദയരെ നന്ദി

ലേഖാവിജയ് said...

അനുഭവ സമ്പന്നന്‍..:)

krishnaa said...

അറിവും, വിവരവും വെക്കുന്നതിന്ന് മുന്പ്,കുട്ടിക്കാലത്ത് സംഭവിക്കുന്ന ചിലത്,
മുതിര്‍ന്ന് കഴിയുമ്പോള്‍ വെറുതേ ഇരുന്ന് ഓര്‍ക്കാനും,കൂട്ടുകാരോട് പറഞ്ഞ് ചിരിക്കാനും...
നല്ലത് ലാലേ, എഴുതൂ...ഇനിയും, ഇനിയും എഴുതൂ. കഴിവുകള്‍ വെറുതേ കളയരുത്..
....ചേച്ചി...