Saturday, 20 October 2007

കുഞ്ഞാട്‌

തോമാച്ചന്റെ
പൂച്ചകള്‍ യജമാനന്റെ കാലുരുമ്മി
കിടക്കയില്‍ മൂത്രം വീഴ്ത്തി
വിറകുപുരയുടെ മുകളില്‍
പെറ്റു കൂട്ടി
ടിയാന്റെ പിന്‍ കാല്‍ മര്‍ദ്ദനങ്ങളെ
ഇരന്നു വാങ്ങി
ജാഗരൂകരായി എലികള്‍ക്കു വേണ്ടി
തിരഞ്ഞുകൊണ്ടേയിരുന്നു
തോമ്മാച്ചന്റെ കുഞ്ഞാട്-പക്ഷെ
പത്തുകല്‍പ്പനകളും
പാടേ ലംഘിച്ച്‌
വേലിക്കെട്ടുകള്‍ക്കിടയിലൂടെ
ഏദന്‍ തോട്ടങ്ങളില്‍
വലിഞ്ഞു കയറി
വിലക്കപ്പെട്ട കനികള്‍
മാത്രം ഭക്ഷിച്ചു
ദിശ തെറ്റിയ പക്ഷിയെ പോലെ
നരകങ്ങളിലൂടെ
തെണ്ടി തിന്നു
തോമാച്ചനറിയാതെ
ബീവാത്തൂന്റെ ചട്ടുകാലന്‍
മുട്ടനാടിനെ പ്രാപിച്ചു
അജപാലകന്റെ
കുഴലൂത്തില്‍ ആട്ടിന്‍ പറ്റങ്ങള്‍ മയങ്ങുമ്പോള്‍
അവള്‍ ചുവന്ന സൂര്യനെ
കണ്ണില്‍ നിറച്ച്‌
തണുത്ത പുലരികളെ
സ്വപ്നം കണ്ടു
അങ്ങനെയിരിക്കെ
ആടങ്ങു ചത്തു
തോമാച്ചന്‍ കൊന്തയും കുരിശും
കുഴിമാടത്തിനു മുകളില്‍ നാട്ടി
തെമ്മാടിക്കും പറുദീസ പ്രപ്തമാക്കണേ
എന്നു ഉള്ളുലഞ്ഞു പ്രാര്‍ത്ഥിച്ചു
ചുണ്ടു കോട്ടി ഒരു ചിരി ചിരിച്ച്‌
ആട്ടിന്‍പ്റ്റത്തെ തെളിച്ചു
വീട്ടിലേക്കു മടങ്ങി
തട്ടിന്‍പുറത്തപ്പോള്‍
പൂച്ചയും എലിയും
പഴയ നാടകം കളിക്കുകയായിരുന്നു

Saturday, 13 October 2007

പ്രണയത്തിനു സംഭവിക്കുന്നതു

ഒരേ താളത്തില്‍
ഒരു ഗീതമാലപിക്കാന്‍
ഇനി നമുക്കാവില്ല
ഒരേ ഭാവത്തില്‍ സാഗരം കാണാന്‍
സായന്തനങ്ങള്‍ പിറക്കില്ല
വാക്കുകള്‍ കലപിലകൂട്ടുന്ന
പ്രഭാതങ്ങള്‍ ഒരിക്കലും മടങ്ങി വരില്ല
ഇന്നലെ
ജീവിതത്തിന്റെ
പിന്നാമ്പുറത്ത്‌
ആള്‍ക്കൂട്ടത്തിനു നടുവില്‍
നമ്മള്‍
ആത്മഹത്യ ചെയ്തല്ലോ?!!
പ്രണയം?
അതെല്ലാം മറന്നേക്കൂ
നീയോ ഞാനോ യജമാനന്‍
എന്നുമാത്രം പറയുക.